reviewed by Maria Rose Date Added: Tuesday 5 Jan 2016

അജിത്ത് ടി തോമസിന്‍റെ സൈക്കോ എന്ന പുസ്തകം പരിചയപ്പെടുക. ആല്‍ഫ്രഡ് ഹിച്ച്കോക്കില്‍ നിന്ന് തുടങ്ങുന്ന സൈക്കോ പരമ്പര സിനിമകളുടെ നോവല്‍ രൂപത്തിലുള്ള വ്യാഖ്യാനമാണ് ഈ പുസ്തകം. പ്രസാധനം ഒലിവ്: കോഴിക്കോട്.

ആല്‍ഫ്രഡ് ഹിച്ച്കോക്ക് അവതരിപ്പിക്കുന്നു എന്ന പുസ്തകം വായിച്ച ശേഷം അഭിപ്രായമറിയിക്കാന്‍ വേണ്ടി വിളിച്ചപ്പോഴാണ് അജിത്തിനെ പരിചയപ്പെടുന്നത്. പിന്നീട് അജിത്തിനെ കാണുന്നത് ഈ പുസ്തകത്തിന്‍റെ സ്ക്രിപ്റ്റുമായാണ്. സിനിമ നോവലാക്കി മാറ്റുക എന്ന Reverse-Adaptation പദ്ധതിയുമായി അജിത്ത് മുന്നോട്ട് വന്നത് തികച്ചും സന്തോഷകരമാണ്. അവതാരിക എഴുതുക എന്ന നിലയില്‍ അതിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതിലും സന്തോഷം.

['സൌണ്ട് ഓഫ് മ്യൂസിക്' എന്ന സിനിമ കണ്ടപ്പോള്‍ അത് പണ്ട് വായിച്ച റഷ്യന്‍ പുസ്തകങ്ങളുടെ ഭാഷയില്‍ പടങ്ങളുള്ള ഒരു ചെറിയ പുസ്തകമാക്കി മാറ്റണം എന്ന ആഗ്രഹം കൊണ്ടാണ് എഴുതിയത്. എന്നാല്‍ അത് പബ്ലിഷ് ചെയ്യാന്‍ വേണ്ടി പ്രസാധകരെ കണ്‍വിന്‍സ് ചെയ്യാന്‍ കഴിഞ്ഞില്ല. എന്നാല്‍ പണ്ട് മലയാളത്തില്‍ ഹോംസ് ക്ലബ് വിവര്‍ത്തനം ചെയ്ത് പ്രസിധീകരിച്ചിരുന്ന ഹിച്ച്കോക്ക് കഥകളുടെ മാതൃകയില്‍ ടെലിവിഷന്‍ പരമ്പരയിലെ കഥകളുടെ അനുകല്‍പനം റെക്കോര്‍ഡ് വേഗതയില്‍ എഴുതിയതും പ്രസിദ്ധീകരിച്ചതുമായ ഒരു പുസ്തകമായിരുന്നു. ഓരോ കഥകള്‍ക്കും തുടക്കവും അവസാനവും ഹിച്ച്കോക്കിന്‍റെ ശബ്ദത്തില്‍ എഴുതാന്‍ കഴിഞ്ഞുവെന്നതാണ്‌ ഏറ്റവും സന്തോഷകരമായ കാര്യം. നന്നായി വില്‍ക്കപ്പെടുകയും അഭിപ്രായങ്ങള്‍ ലഭിക്കുകയും ചെയ്ത പുസ്തകമായിരുന്നു അത്. മനോഹരമായ കവര്‍ ചെയ്ത രജത്തിനും ക്രെഡിറ്റുണ്ട്.]

സിനിമ കണ്ട് പകര്‍ത്തിയെഴുതി തിരക്കഥ പബ്ലിഷ് ചെയ്യുന്നതിനെക്കാള്‍ ശ്രമകരമായ ജോലിയാണ് നോവലാക്കി മാറ്റി മാറ്റുകയെന്നത്. എന്നാല്‍ എഴുത്തുകാരന്‍ എന്ന നിലയില്‍ നമ്മള്‍ വളരെ സ്വതന്ത്രനുമായിരിക്കും. സിനിമയുടെ സീന്‍ ഓര്‍ഡര്‍ തന്നെ പിന്തുടരണമെന്ന് പോലുമില്ല. ഭാവനയുണ്ടെങ്കില്‍ ഭാഷാപരമായും ദൃശ്യാത്മകമായും മികച്ച ഒരു ഫിക്ഷണല്‍ ആഖ്യാനം നിങ്ങള്‍ക്ക് രൂപപ്പെടുത്താനാകും.

"...ഭീതി കൊണ്ട് ഭ്രാന്തമായി അവള്‍ അലറി വിളിച്ചു. അവളുടെ കൈ തട്ടി റാന്തല്‍വിളക്ക് നിഴല്‍ രൂപങ്ങളെ നൃത്തമാടിച്ചു കൊണ്ട് തൂങ്ങിയാടി. എല്ലും തോലുമായ ഒരു സ്റ്റഫ്ഡ് അസ്ഥിപഞ്ജരം!! അതിന്‍റെ കണ്‍ കുഴിയിലൂടെ ഒരു ചിലന്തി പുറത്തേയ്ക്ക് വന്നു!!!!"

("സൈക്കോ" അജിത്ത് ടി തോമസ്‌ പേജ് 48 )

"ബേറ്റ്സ് മോട്ടലിലെ സംഭവങ്ങള്‍ അരങ്ങേറിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. കാലചക്രം എത്ര വേഗത്തിലാണ് ചലിക്കുന്നത്?? നീണ്ട 22 വര്‍ഷത്തെ ജയില്‍ വാസത്തിനും മാനസിക ചികിത്സയ്ക്കും ശേഷം ഇന്നാണ് നോര്‍മന്‍ ബേറ്റ്സിന്‍റെ മോചന വിഷയത്തില്‍ കോടതി വിധി പറയുന്നത് !!

('സൈക്കോ II" അജിത്ത് ടി തോമസ്‌. പേജ് 55)

ഏത് രൂപത്തി (FORM) ലേയ്ക്കാണോ നിങ്ങള്‍ അഡാപ്റ്റ് ചെയ്യുന്നത്, ആ രൂപത്തിനോട്‌ കൂറ് പുലര്‍ത്തിക്കൊണ്ട് രചിക്കുക എന്നതാണ് അനുകല്‍പ്പനത്തിന്‍റെ മര്‍മ്മം. സിനിമ നോവലാക്കുമ്പോള്‍ സിനിമയെ മറന്ന് കൊണ്ട് നോവലിന്‍റെ ക്രാഫ്റ്റിലേയ്ക്കാണ് പ്ലോട്ട് വീഴേണ്ടത്. മുന്നോട്ട് പോകും തോറും രചനയ്ക്ക് മേല്‍ കൂടുതല്‍ തഴക്കം അജിത്ത് നേടുന്നുണ്ട്. എങ്കിലും കഥയുടെ സ്പെയ്സും കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളും ചിത്രീകരിക്കുന്നതില്‍ കൂടുതല്‍ സ്വതന്ത്രമായ വിവരണങ്ങള്‍ നല്‍കാമായിരുന്നു എന്നെനിക്ക് തോന്നലുണ്ട്. പ്രത്യേകിച്ചും സൈക്കോയുടെ തുടക്കത്തില്‍.

Rating: 4 of 5 Stars! [4 of 5 Stars!]