ആചാര്യ ശ്രീ രാജേഷ്‌ Author

Acharyasri Rajesh

കേരളത്തില്‍ ആദ്യമായി ജാതി-മത-ലിംഗവ്യത്യാസമില്ലാതെ ഏവരെയും വേദങ്ങളും വൈദിക ആചരണങ്ങളും പഠിപ്പിക്കുന്നതിനുവേണ്ടി കോഴിക്കോട് കാശ്യപാശ്രമം സ്ഥാപിച്ചു. സ്വദേശത്തും വിദേശത്തുമായി അനേകം വൈദികപഠനകേന്ദ്രങ്ങളുള്ള കാശ്യപാശ്രമത്തിലൂടെ കഴിഞ്ഞ 15 വര്‍ഷംകൊണ്ട് മൂന്നു ലക്ഷംപേരെ വൈദിക മാര്‍ഗം അഭ്യസിപ്പിച്ചു. സമൂഹത്തില്‍ ഹൈന്ദവസങ്കല്പങ്ങളെക്കുറിച്ചുള്ള അവജ്ഞതയും അജ്ഞതയും കണ്ട് 40-ാം വയസ്സില്‍ തന്റെ ജോലി കളഞ്ഞ് മുഴുവന്‍ സമയ വേദപ്രചാരകനായിമാറി. മാതൃഭൂമി പത്രത്തിലും ആഴ്ചപ്പതിപ്പിലും ഏറെക്കാലം പത്രാധിപസമിതി അംഗമായിരുന്നു. തുടര്‍ന്ന് മാതൃഭൂമി ആധ്യാത്മിക പുസ്തകങ്ങളുടെ ഉപദേഷ്ടാവുമായിരുന്നു. എല്ലാം ഉപേക്ഷിച്ച് ഇപ്പോള്‍ സര്‍വദാ വേദപ്രചാരണവും ഗവേഷണവും നടത്തുന്നു. കേരളത്തില്‍ ആദ്യമായി ജാതി-ലിംഗ-മതഭേദമന്യേയുള്ള സോമയാഗം കോഴിക്കോട്ട് സംഘടിപ്പിച്ചു. ആദിവാസികളെ നമ്പൂതിരിമാര്‍ വിളക്കുവെച്ച് വേദമന്ത്രങ്ങളോടെ യാഗഭൂമിയിലേക്ക് സ്വീകരിച്ചാനയിച്ച അപൂര്‍വ നിമിഷങ്ങള്‍ക്ക് സോമയാഗം വേദിയായി. പതിമൂന്നരലക്ഷത്തോളം പേരാണ് ഈ സോമയാഗത്തില്‍ പങ്കാളികളായത്. ഉജ്ജയിനിയിലെ വേദവിദ്യാപ്രതിഷ്ഠാനുമായി ചേര്‍ന്ന് മലബാറില്‍ ആദ്യമായി ദേശീയ വേദസമ്മേളനം സംഘടിപ്പിച്ചു. ഭാരതത്തില്‍ അങ്ങോളമിങ്ങോളമുള്ള നൂറുകണക്കിന് വേദപണ്ഡിതന്മാര്‍ പ്രബന്ധങ്ങളും വിവിധ വേദാലാപന പദ്ധതികളും കാഴ്ചവെച്ച ഈ വേദസമ്മേളനത്തിന് നേതൃത്വം കൊടുത്തു. വേദഭക്തിയില്ലാത്ത വേദപണ്ഡിതരെ അകറ്റിനിര്‍ത്തിക്കൊണ്ട് നടത്തിയ ആദ്യത്തെ വേദസമ്മേളനമായിരുന്നു ഇത്. അറിവ് ഈശ്വരനാണ്, അറിവ് എല്ലാവര്‍ക്കും എന്ന ആഹ്വാനമുയര്‍ത്തിക്കൊണ്ട് 2016 ഏപ്രിലില്‍ കോഴിക്കോട് കടപ്പുറത്തുവെച്ച് നടന്ന പ്രജ്ഞാനം ബ്രഹ്മയ്ക്ക് നേതൃത്വം കൊടുത്തു. ആചാര്യശ്രീ രാജേഷിന്റെ ശിഷ്യരും വൈദിക ആചാരണങ്ങളിലൂന്നിയ ജീവിതം നയിക്കുന്നവരുമായ ഒന്നരലക്ഷത്തോളം ആളുകളുടെ സംഗമമായിരുന്നു പ്രജ്ഞാനം ബ്രഹ്മ. ജാതി-മത വിവേചനങ്ങള്‍ക്കതീതമായി ഏവര്‍ക്കും വേദം പഠിക്കാമെന്ന ചരിത്രപ്രധാനമായ വേദാധികാരവിളംബരം പ്രജ്ഞാനം ബ്രഹ്മയുടെ ഭാഗമായി നടന്നു. കേരളചരിത്രത്തിലാദ്യമായി ഒരു സ്ത്രീയെ വൈദിക പുരോഹിതയായി അഭിഷിക്തയാക്കിയതും 2500 സ്ത്രീകള്‍ ഒരുമിച്ചിരുന്ന് വേദമന്ത്രങ്ങള്‍ ചൊല്ലിയതുമെല്ലാം സ്ത്രീവിവേചനത്തിനെതിരെയുള്ള ആര്‍ഷശബ്ദമായി പ്രതിധ്വനിക്കപ്പെട്ടു. ഭാരതത്തിന്റെ സാംസ്‌കാരിക-സാമൂഹിക ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു പ്രജ്ഞാനം ബ്രഹ്മ. 5000 അപൂര്‍വ സംസ്‌കൃത വൈദികഗ്രന്ഥങ്ങളുടെ ഡിജിറ്റല്‍ ലൈബ്രറി സ്വന്തമായുണ്ട്. 65 വൈദിക സാഹിത്യഗ്രന്ഥങ്ങള്‍ രചിച്ചു. വേദങ്ങളെക്കുറിച്ചും ഹൈന്ദവസംസ്‌കൃതിയെക്കുറിച്ചും 5000 ല്‍പരം പ്രസംഗങ്ങള്‍ ചെയ്തു. അമൃത ടി.വി, കൗമുദി ടി.വി ചാനലുകളിലും, റെഡ് എഫ് എം, ആകാശവാണി എന്നിവയിലൂടെയും നിരവധി പ്രഭാഷണങ്ങള്‍ ചെയ്തു. മാതൃഭൂമി, ടൈംസ് ഓഫ് ഇന്ത്യ, സ്പീക്കിംഗ് ട്രീ എന്നീ നിരവധി ആനുകാലികങ്ങളില്‍ ഗൗരവമായ പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.



Need some editing or want to add info here ?, please write to us.

Other Books by Author Acharyasri Rajesh